
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ 15 എംഎൽഎമാരെ രാജിവെപ്പിക്കാനുള്ള ഗൂഢാലോചന നടന്നെന്ന ഗുരുതര ആരോപണം. സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴാണ് ടിവികെ എംഎൽഎമാർക്ക് കോടികളുടെ വാഗ്ദാനം നൽകിയെന്ന പരാതി പുറത്തുവന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. ഇവരിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ടിവികെ എംഎൽഎ എൻ. ഇളയരാജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകുകയും സർക്കാരിനെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്താൽ 35 കോടി രൂപ നൽകാമെന്ന് കൺസൾട്ടൻസി സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ വ്യക്തി വാഗ്ദാനം ചെയ്തതായി എംഎൽഎ ആരോപിച്ചു. ഓഫർ നിരസിച്ചതിന് പിന്നാലെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് തമിഴ്നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തി. 15 ടിവികെ എംഎൽഎമാരെ ഒരേസമയം രാജിവെപ്പിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള ശ്രമം നടന്നതായി അന്വേഷണത്തിൽ സൂചന ലഭിച്ചെന്നാണ് വിവരം.
കേസിൽ അറസ്റ്റിലായ വ്യക്തി ഒരു കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരനാണ്. കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേരും കരൂർ സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. ഇവർക്ക് ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയുമായി ബന്ധമുണ്ടെന്ന ആരോപണവും ചില റിപ്പോർട്ടുകളിൽ ഉയരുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഗൂഢാലോചനയ്ക്ക് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പരിശോധിച്ചുവരികയാണ്.










